മുഖ്യമന്ത്രിക്കുള്ള നിവേദനങ്ങള്‍

കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം, പരാതി പരിഹാരം വളരെ സുഗമവും സുതാര്യവുമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതികളോ നിവേദനങ്ങളോ പൗരന്മാര്‍ക്ക് നേരിട്ട് ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനായി, കേരള സര്‍ക്കാര്‍ 'മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്‍' എന്ന പേരില്‍ ഒരു പദ്ധതി തന്നെ ആരംഭിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കുന്ന ഒരു കേന്ദ്രീകൃത സംവിധാനം ഈ പോര്‍ട്ടലിലൂടെ ലഭ്യമാകുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമായും ഒരു സംയോജിത വെബ് പോര്‍ട്ടലോടുകൂടിയ ഒരു സംസ്ഥാനതല കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പൗരകേന്ദ്രീകൃതമായ സംശയങ്ങളും പരാതികളും പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഏക ജാലക സംവിധാനമായി ഇത് പ്രവര്‍ത്തിക്കുന്നു. ഈ പോര്‍ട്ടലിലൂടെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിന്/ഓഫീസിനെതിരെ പൗരന്മാര്‍ക്ക് അവരുടെ പരാതികള്‍ സമര്‍പ്പിക്കാം, ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന നിവേദനങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനും പരാതി പരിഹാരത്തിനുമായി ബന്ധപ്പെട്ട ഓഫീസിലേക്ക്/വകുപ്പിലേക്ക് അയയ്ക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ്, മറ്റ് മന്ത്രിമാരുടെ ഓഫീസ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ഒരു പൗരന് ഈ പോര്‍ട്ടലിലൂടെ സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നതിനായി ഉപയോക്താവ് http://cmo.kerala.gov.in/ എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .