ഞങ്ങളേക്കുറിച്ച്

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സെക്രട്ടേറിയറ്റ് വകുപ്പുകളുടെ തലപ്പത്തുള്ള വിവിധ റാങ്കിലുള്ള സെക്രട്ടറിമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ എല്ലാ അംഗങ്ങളുടെയും ഓഫീസുകള്‍ ഉള്‍പ്പെടുന്നതാണ് സര്‍ക്കാര്‍ സെക്രട്ടേറിയറ്റ്. നിലവില്‍ താഴെ പറയുന്ന പ്രകാരം 44 സെക്രട്ടേറിയറ്റ് വകുപ്പുകളുണ്ട്.

ധനകാര്യ വകുപ്പും നിയമ വകുപ്പും ഒഴികെ 42 സെക്രട്ടേറിയറ്റ് വകുപ്പുകളെ സാധാരണയായി അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പുകള്‍ എന്നും അവയ്ക്കിടയില്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് എന്നും വിളിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പുകളില്‍ ഒന്നാണ് പൊതുഭരണ വകുപ്പ്.

ഗവ. സെക്രട്ടറി ഉള്‍പ്പെടുന്നതാണ് സെക്രട്ടേറിയറ്റിലെ ഓരോ വകുപ്പും. വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി റാങ്കിലുള്ളവരായിരിക്കും. പൊതുവെ ഐ.എ.എസില്‍ നിന്നുള്ള അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരായിരിക്കും ഇവര്‍. സ്പെഷ്യല്‍ സെക്രട്ടറിമാര്‍, അഡീഷണല്‍ സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, സെക്ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇവരെ സഹായിക്കുന്നു.

അധികാരശ്രേണി:

ഒരു സെക്രട്ടേറിയറ്റ് വകുപ്പിനെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സെക്ഷന്‍ ഓഫീസറുടെ ചുമതലയിലുള്ള ഒരു സെക്ഷന്‍, സെക്രട്ടേറിയറ്റ് ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റാണ്. എല്ലാ ഫയലുകളും ഉത്ഭവിക്കുകയും കൈകാര്യം ചെയ്യുകയും ആശയ വിനിമയങ്ങള്‍ തയ്യാറാക്കുകയും അയയ്ക്കുകയും ചെയ്യുന്നത് സെക്ഷന്‍ ഓഫീസുകളിലാണ്. ഒരു സെക്ഷനില്‍ സാധാരണയായി 2-4 അസ്സിസ്റ്റന്റുമാരും, കമ്പ്യൂട്ടര്‍ അസ്സിസ്റ്റന്റുമാരും ഓഫീസ് അറ്റന്‍ഡന്റും ആണ് ഉള്ളത്. ഓരോ സെക്ഷനിലെയും കാര്യങ്ങളുടെ മൊത്തത്തിലുള്ള ചുമതല ഒരു സെക്ഷന്‍ ഓഫീസര്‍ക്കാണ്.

ഓരോ സെക്ഷനുകളിലെയും ഫയലുകള്‍ തീര്‍പ്പാക്കുന്നതായി അവ ഉയര്‍ന്ന തലങ്ങളിലേക്ക് പോകുകയും സെക്ഷനുകളിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നു. ഓരോ കേസിലെയും തീരുമാനങ്ങള്‍ സെക്രട്ടേറിയറ്റ് ''റൂള്‍സ് ഓഫ് ബിസിനസ്സില്‍''  നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ഉയര്‍ന്ന തലത്തിലാണ് എടുക്കുന്നത്. ഫയല്‍ നീക്കത്തിന്റെയും തീരുമാനമെടുക്കലിന്റെയും ശ്രേണി ഇപ്രകാരമാണ്

അസിസ്റ്റന്റ് ► സെക്ഷന്‍ ഓഫീസര്‍ ► അണ്ടര്‍ സെക്രട്ടറി ► ഡെപ്യൂട്ടി സെക്രട്ടറി / ജോയിന്റ് സെക്രട്ടറി / അഡീഷണല്‍ സെക്രട്ടറി / സ്‌പെഷ്യല്‍ സെക്രട്ടറി ► സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി /അഡീഷണല്‍ ചീഫ് സെക്രട്ടറി ► മന്ത്രി

പൊതുഭരണ വകുപ്പിന്റെ ഘടന :

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലും സ്‌പെഷ്യല്‍ സെക്രട്ടറിമാരുടെ കീഴിലുമാണ് പൊതുഭരണ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .