വിഭാഗങ്ങള്‍
പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ നിയന്ത്രണത്തിലാണ് പൊതുഭരണ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. പൊതുഭരണ വകുപ്പിന്റെ ചുമതലയിലുള്ള വിവിധ ഡിവിഷനുകളും അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും താഴെ പറയുന്നു.
ഓഫീസ് സെക്ഷന്‍
മറ്റ് വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളും ഔദ്യോഗിക കത്തിടപാടുകളും സ്വീകരിക്കുക, കൂടാതെ സെക്രട്ടേറിയറ്റില്‍ നിന്ന് മറ്റ് വകുപ്പുകളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കേണ്ടതായ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തുക.
സന്ദര്‍ശക സഹായ കേന്ദ്രങ്ങള്‍
സന്ദര്‍ശകര്‍ക്ക് സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിക്കുന്നതിനുള്ള പാസുകളുടെ വിതരണം സംബന്ധിച്ച കാര്യങ്ങള്‍.
പരാതിപരിഹാരം
പൊതുജനങ്ങള്‍ക്ക് എവിടെനിന്നും ഏത് സമയത്തും കേരള മുഖ്യമന്ത്രിക്ക് പരാതികള്‍ സമര്‍പ്പിക്കാനായുള്ള സൗകര്യം മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍ക്ക് മേലുള്ള നടപടികള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലാണ്.
ചീഫ് സെക്രട്ടറിയുടെ ഓഫീസ്
- അതീവ രഹസ്യം: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം, കാബിനറ്റ് പേപ്പറുകള്‍, സമയബന്ധിതമായി നടപ്പാക്കേണ്ട കാബിനറ്റ് തീരുമാനങ്ങളുടെ നിരീക്ഷണവും തുടര്‍നടപടികളും, കേരള സംസ്ഥാന വകുപ്പുതല സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്) വാര്‍ഷിക കോൺഫിഡൻഷ്യൽ റിപ്പോര്‍ട്ടുകളുടെ പരിപാലനം, അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്) വാര്‍ഷിക സ്വത്ത് വിവര പത്രികകളുടെ പരിപാലനം, അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെ സ്‌ക്രീനിംഗ് കമ്മിറ്റി ചേരല്‍, വിവിധ ഗ്രേഡുകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്) പാനല്‍ തയ്യാറാക്കല്‍, നിയമവകുപ്പ്, ധനകാര്യ വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഡെപ്യൂട്ടി സെക്രട്ടറിയും അതിനു മുകളിലുമുള്ള സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി യോഗങ്ങള്‍, സൈഫര്‍ ബ്യൂറോ, പത്മ അവാര്‍ഡുകള്‍ക്കുള്ള ശുപാര്‍ശകള്‍ നല്‍കല്‍, ജോയിന്റ് സെക്രട്ടറി അല്ലെങ്കില്‍ അതിനു മുകളിലുമുള്ള സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവര പത്രികകളുടെ പരിപാലനം എന്നിവ കൈകാര്യം ചെയ്യുന്നു.
- രഹസ്യ വിഭാഗം : ജീവന്‍ രക്ഷാ പതക്ക് അവാര്‍ഡുകള്‍, സമരവുമായി ബന്ധപ്പെട്ട പൊതു പേപ്പറുകള്‍, സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റി, യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകളുടെ നടത്തിപ്പ്, കേരള സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.
- സ്‌പെഷ്യല്‍ എ: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ജീവനക്കാര്യങ്ങള്‍, അച്ചടക്കനടപടി, ചികിത്സാ സഹായ പ്രതിപൂര്‍ണം, ലോക് സഭാ ചോദ്യങ്ങള്‍, രാജ്യസഭാ ചോദ്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.
- സ്പെഷ്യല്‍ സി: ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ജീവനക്കാര്യങ്ങള്‍, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ തുടങ്ങിയവ.
- ചീഫ് സെക്രട്ടറിയുടെ പെറ്റീഷന്‍ സെല്‍: രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകളില്‍ നിന്ന് അയക്കുന്ന കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ കൈകാര്യം ചെയ്യുക.
എംപ്ലോയ്‌മെന്റ് സെൽ
എസ്.സി/എസ്.ടി വിഭാഗത്തിന്റെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, പുരോഗതി അവലോകനത്തിന്റെയും പേപ്പറുകള്‍ കൈകാര്യം ചെയ്യുക. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശം നല്‍കുക.
സമാശ്വാസതൊഴില്‍ സെല്‍
സര്‍ക്കാര്‍ നിയമനത്തിനായുള്ള പൊതു ലിസ്റ്റില്‍ നിന്ന്, മരണമടയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കുള്ള നിയമനത്തിനായി, ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള ഒഴിവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.
സ്വാതന്ത്ര്യ സമര സേനാനികള്‍
എസ്.എസ്.എസ് പെന്‍ഷന്‍ പദ്ധതി, കേരള സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ പദ്ധതി, സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള താമ്രപത്രം നല്‍കല്‍ സംബന്ധിച്ച പേപ്പറുകള്‍ കൈകാര്യം ചെയ്യുന്നു.
പ്രോട്ടോക്കോൾ
ഉന്നത വ്യക്തികള്‍, സംസ്ഥാന അതിഥികള്‍, വിദേശ വി.ഐ.പികള്‍ എന്നിവരുടെ സന്ദര്‍ശനം, പ്രോട്ടോക്കോള്‍, ആതിഥ്യമര്യാദ നിയമങ്ങള്‍, കീഴ്വഴക്കം അനുസരിച്ച് ഉള്ള കാര്യങ്ങള്‍, സ്വാതന്ത്ര്യ ദിന/ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍, മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍, വകുപ്പുകളുടെ വിഭജനം, വിശിഷ്ട വ്യക്തികളുടെ മരണം എന്നിവ കൈകാര്യം ചെയ്യുന്നു. കേരളത്തിലെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍, കെ.ടി.ഡി.സി. ചെന്നൈ (ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കായി മാത്രം), ന്യൂഡല്‍ഹി, മുംബൈ, കന്യാകുമാരി എന്നിവിടങ്ങളിലുള്ള കേരള ഹൗസുകളുടെ റിസര്‍വേഷന്‍, കേരള രാജ്ഭവന്‍, ന്യൂഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ ഓഫീസ് എന്നിവയുടെ ജീവനകാര്യങ്ങളും കൈകാര്യം ചെയ്യുന്നു. ഇതോടൊപ്പം കേരളത്തിലുള്ള വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളുടെ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു.
കോ-ഓര്‍ഡിനേഷന്‍ / ഏകോപനം
ഗവണ്‍മെന്റ് ഡയറി, കലണ്ടര്‍, പൊതു അവധി പട്ടിക, പ്രാദേശിക അവധി പ്രഖ്യാപനം, എം.പിമാരുടെ സമ്മേളനം, ജില്ലാ കലക്ടര്‍മാരുടെയും വകുപ്പുമേധാവികളുടെയും വാര്‍ഷിക സമ്മേളനം, കേരള സംസ്ഥാന വിവരാവകാശ കമ്മിഷന്‍, വി.ജെ.ടി ഹാള്‍ എന്നിവയുമായി ബന്ധപ്പെട്ട പേപ്പറുകള്‍ എന്നിവ കൈകാര്യം ചെയ്യുക.
സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറി
സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍, ദിനപത്രങ്ങള്‍, മാസികകള്‍ എന്നിവ വാങ്ങുകയും ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്യുക.
സേവനങ്ങള്‍/ ജീവനക്കാര്യം
അഖിലേന്ത്യാ സര്‍വ്വീസിലെ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ജീവനക്കാര്യം കൈകാര്യം ചെയ്യുക.
അക്കൗണ്ട്‌സ്
മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം, മറ്റ് വ്യക്തിഗത ക്ലെയിമുകള്‍, സെക്രട്ടേറിയറ്റിലെ ക്യാഷ് & കണ്ടിജന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ കണക്കുകള്‍ കൂടാതെ മറ്റു ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നു. സെക്രട്ടേറിയറ്റിലെ ഓഫീസ് ചെലവുകള്‍ സംബന്ധിച്ച മറ്റ് ബില്ലുകളും അക്കൗണ്ട് സെക്ഷനുകള്‍ വഴിയാണ് കൈകാര്യം ചെയ്യുന്നത്.
ഹൗസ്‌കീപ്പിംഗ്
മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഓഫീസുകള്‍ സെക്രട്ടേറിയറ്റിലെ വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുറികള്‍, ഫര്‍ണിച്ചറുകള്‍, ടെലിഫോണുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക.
പബ്ലിക് റിലേഷന്‍സ് വകുപ്പ്
സര്‍ക്കാര്‍ നയങ്ങള്‍, പരിപാടികള്‍, പദ്ധതികള്‍, സംരംഭങ്ങള്‍, നേട്ടങ്ങള്‍ എന്നിവയെ കുറിച്ചുള്ള സമയോചിതവും കാലികവുമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയയിലൂടെ നല്‍കുക. അതോടൊപ്പം പരസ്യ പ്രചാരണം, വ്യാപാര മേളകള്‍, വിപണന മേളകള്‍ എന്നിവയുടെ നടത്തിപ്പ് , കൂടാതെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക.