സംസ്ഥാന ചിഹ്നത്തിന്റെ ചരിത്രം

Kerala Goverment Emblem

കേരള സര്‍ക്കാര്‍ എല്ലാ ഔദ്യോഗിക കത്തിടപാടുകളിലും സംസ്ഥാനത്തെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നത് കേരള സംസ്ഥാന ചിഹ്നമാണ്. സംസ്ഥാന, ദേശീയ ഔദ്യോഗിക ചിഹ്നങ്ങളെ സംരക്ഷിക്കുന്ന രണ്ട് ആനകളെയാണ് എംബ്ലത്തില്‍ ചിത്രീകരിക്കുന്നത്.

തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ പതിപ്പാണ് കേരളത്തിന്റെ ഔദ്യോഗിക ചിഹ്നമായി മാറിയിട്ടുള്ളത്. തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നത്തില്‍, ശ്രീപദ്മനാഭന്റെ രാജകീയ ചിഹ്നമായ ശംഖും ശംഖ് കാക്കുന്ന രണ്ട് ആനകളും ഉള്‍പ്പെടുന്ന രാജകീയ ഫലകം പുഷ്പചക്രത്തിനുള്ളിലായി ചിത്രീകരിച്ചിരിക്കുന്നു. ഏറ്റവും താഴെയായി ദേവനാഗരിലിപിയില്‍ സംസ്‌കൃതത്തില്‍ 'ബൃഹദ്-ആരണ്യക' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്, അത് 'വെളിച്ചം ഇരുട്ടിനെ അകറ്റട്ടെ' എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നു. 1960-ല്‍ കേന്ദ്രസര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ നീക്കം ചെയ്തതിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന പട്ടം എ. താണുപിള്ളയുടെ സര്‍ക്കാരാണ് കേരളത്തിന്റെ ഇപ്പോഴത്തെ ചിഹ്നം അംഗീകരിച്ചിരിക്കുന്നത്. മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പൊതുവായി കാണപ്പെടുന്നതുപോലെ, ഇന്ത്യയുടെ ദേശീയ ചിഹ്നമായ സാരാനാഥിലെ അശോകസ്തംഭം ശംഖിന് മുകളിലായി ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ കേരള സര്‍ക്കാര്‍ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.

ചിഹ്നത്തിലെ മാറ്റങ്ങള്‍

ദേശീയ ചിഹ്നത്തിലെ അശോകസ്തംഭത്തിന് കീഴിലായി രേഖപ്പെടുത്തിയിരുന്ന ദേവനാഗരിലിപിയിലുള്ള ഏറ്റവും താഴെയായി രേഖപ്പെടുത്തിയിട്ടുള്ള 'സത്യമേവ ജയതേ' യുടെ സ്ഥാനം മാറ്റി നല്‍കിക്കൊണ്ട് 2010-ല്‍, ഔദ്യോഗിക ചിഹ്നത്തില്‍ കേരള സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.

നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരം, കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ നല്‍കിയിരിക്കുന്നത് പോലെ അശോക സ്തംഭത്തിന് താഴെയായി 'സത്യമേവ ജയതേ' എന്ന വാചകം നല്‍കി മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. 

ചിഹ്നത്തിന്റെ പരിണാമം

1956-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്, സംസ്ഥാന പുനഃസംഘടന നിയമം പാസാക്കിയതിനെത്തുടര്‍ന്ന്, തിരുവിതാംകൂര്‍-കൊച്ചി മലബാറുമായി ലയിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിച്ചു. 1957-ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്, ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ  നേതൃത്വത്തില്‍ സി.പി.ഐ. അധികാരത്തില്‍ വരുകയും, പുതുതായി രൂപീകരിച്ച  സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിലവില്‍ ഉണ്ടായിരുന്ന ചിഹ്നം രാജവാഴ്ചയുടെ പാരമ്പര്യമായതിനാല്‍  മറ്റൊരു സംസ്ഥാന ചിഹ്നം സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1957-ല്‍ കൊച്ചിയെ പ്രതിനിധീകരിക്കുന്ന ഒരു ഇന്ത്യന്‍ ആനയും, യഥാക്രമം വടക്കന്‍, തെക്കന്‍ തിരുവിതാംകൂറിനെ പ്രതിനിധീകരിക്കുന്ന രണ്ട് ശംഖും, വടക്കന്‍, തെക്കന്‍ മലബാറിനായി രണ്ട് ഈന്തപ്പനകളും, മുകളില്‍ ഇന്ത്യന്‍ ദേശീയ ചിഹ്നവും സംസ്ഥാന ചിഹ്നത്തില്‍ ഉള്‍പ്പെടുത്തി.

ഇപ്പോഴത്തെ രൂപത്തിലേക്ക്

1959-ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്തതോടെ, പുതുതായി രൂപീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ യഥാര്‍ത്ഥ ട്രാവന്‍കൂര്‍ കോട്ട് ഓഫ് ആംസില്‍ നിന്ന് ചെറിയ പരിഷ്‌കാരങ്ങളോടെ നിലവിലെ ചിഹ്നം സ്വീകരിച്ചു. ഈ ചിഹ്നത്തിനും പിന്നീട് ചെറിയ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

അശോക സ്തംഭത്തെ അഭിവാദ്യം ചെയ്യുന്ന രണ്ട് ആനകള്‍ക്ക് താഴെ, 'കേരള സര്‍ക്കാര്‍' എന്നത് ഇംഗ്ലീഷിലും മലയാളത്തിലും നല്‍കിയതിന് തൊട്ടുതാഴെയായി 'സത്യമേവ ജയതേ' എന്നെഴുതിയിട്ടുള്ള മുദ്രയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന്, ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച സമിതി നിര്‍ദേശിച്ചിരുന്നു.  മലയാളത്തിലും ഇംഗ്ലീഷിലും കേരള സര്‍ക്കാര്‍ എന്നെഴുതിയ ഫോണ്ടുകളുടെ വലിപ്പം വര്‍ധിപ്പിക്കാനും  'സത്യമേവ ജയതേ' ശംഖ് മുദ്രയ്ക്കും ലയണ്‍ ക്യാപിറ്റലിനും മധ്യത്തിലായും നല്‍കുന്നതിന് നിര്‍ദ്ദേശിക്കുകയും അതിനെ തുടര്‍ന്ന് എംബ്ലം ഉപയോഗിക്കുമ്പോള്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ എല്ലാ വകുപ്പുകളോടും സര്‍ക്കാര്‍ ആവശ്യപ്പെടും ചെയ്തു.

കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി 2010-ല്‍ മാറ്റം വരുത്തിയത് ഉപയോഗത്തിലുണ്ട്.

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .